Headlines News :
Home » , , , , , » ജനലക്ഷങ്ങള്‍ സാക്ഷി; മുജാഹിദ് സമ്മേളനത്തിന് പ്രൗഢമായ സമാപനം

ജനലക്ഷങ്ങള്‍ സാക്ഷി; മുജാഹിദ് സമ്മേളനത്തിന് പ്രൗഢമായ സമാപനം

Written By Unknown on Tuesday 11 February 2014 | 10:21



കോട്ടക്കല്‍: അണമുറിയാതെ ഒഴുകിയ ജനലക്ഷങ്ങളെ സാക്ഷിയാക്കി എടരിക്കോട് നടന്ന എട്ടാമത് മുജാഹിദ് സമ്മേളനത്തിന് സമാപനം. നാലുനാള്‍ നാടിനെ ധന്യമാക്കിയ വൈജ്ഞാനിക സംഗമങ്ങള്‍ക്കും ചര്‍ച്ചാസദസുകള്‍ക്കുമൊടുവിലാണ് സമ്മേളനത്തിന് തിരശീല വീഴുന്നത്. ലോകമെങ്ങുമുള്ള ഇസ്‌ലാഹി പ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളും സഹോദരമതസ്ഥരും പ്രതീക്ഷയോടെ നോക്കിക്കണ്ട സമ്മേളനം കേരളത്തിലെ മുസ്‌ലിം നവോത്ഥാന ചരിത്രത്തില്‍ പുതിയരധ്യായം എഴുതിച്ചേര്‍ത്താണ് പരിസമാപ്തിയായത്. 
മതം, മാനവികത, നവോത്ഥാനം എന്നതായിരുന്നു സമ്മേളന പ്രമേയം. വ്യാഴാഴ്ച വൈകിട്ട് പത്മശ്രീ വഹീദുദ്ദീന്‍ ഖാന്‍ ഉദ്ഘാടനം ചെയ്ത സമ്മേളനം 41 സെഷനുകളിലായാണ് വിവിധ വിഷയങ്ങളില്‍ ആഴത്തിലുള്ള സംവാദത്തിനും ഗഹനമായ ചര്‍ച്ചകള്‍ക്കും വേദിയൊരുക്കിയത്. പ്രതിനിധികളുടെ ബാഹുല്യവും പ്രവര്‍ത്തകരുടെ പങ്കാളിത്തവും മുന്നില്‍ക്കണ്ട് ആറു വേദികളില്‍ അങ്ങേയറ്റം വ്യവസ്ഥാപിതമായാണ് സമ്മേളനം ക്രമീകരിച്ചിരുന്നത്. ആറു ലക്ഷം ചതുരശ്ര അടിയുള്ള അതിവിശാലമായ പന്തലായിരുന്നു പ്രധാനവേദി. പുസ്തകശാലകള്‍, മെഡിക്കല്‍ എയ്ഡ് സെന്റര്‍, എക്‌സിബിഷന്‍, ജീവകാരുണ്യ ബോധവത്കരണം, ഭക്ഷണം തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി പ്രത്യേക സ്റ്റാളുകളും  കേന്ദ്രങ്ങളും സമ്മേളനത്തില്‍ ഒരുക്കിയിരിക്കുന്നു.
കേരളത്തിലെ മുസ്‌ലിം നവോത്ഥാന ചലനങ്ങളില്‍ ശ്രദ്ധേയമായി മാറിയ സമ്മേളനത്തില്‍ ഒരു ലക്ഷത്തിലേറെ സ്ഥിരം പ്രതിനിധികള്‍ പങ്കെടുക്കുത്തു. അഞ്ചു ലക്ഷത്തിലേറെപ്പേര്‍ സമ്മേളനത്തില്‍ വിവിധ ദിവസങ്ങളിലായി സന്ദര്‍ശകരായെത്തിയെന്ന് സംഘാടകര്‍ പറഞ്ഞു. സമ്മേളനത്തിന്റെ തത്സമയ ഓണ്‍ലൈന്‍ സംപ്രേഷണത്തിന് യൂറോപ്പില്‍ ഉള്‍പ്പെടെ 30 രാജ്യങ്ങളില്‍ പ്രേക്ഷകരുണ്ടായിരുന്നു. അന്ധര്‍ക്കും ബധിരര്‍ക്കുമുള്ള പ്രത്യേകസെഷന്‍, അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി നടത്തിയ അദര്‍‌സ്റ്റേറ്റ് വര്‍ക്കേഴ്‌സ് കോണ്‍ഫറന്‍സ് തുടങ്ങിയവ സമ്മേളനത്തിലെ വേറിട്ട ഇനങ്ങളായി. വിവിധ മുസ്‌ലിം സംഘടനകളെ ഒരേ വേദിയില്‍ അണിനിരത്തിയ സമുദായ ഐക്യദാര്‍ഢ്യ സംഗമം കേരളത്തിലെ മുസ്‌ലിം ആഭ്യന്തര രാഷ്ട്രീയത്തിലെ വേറിട്ട ഉദ്യമമായി. വിവിധ മുസ്‌ലിം സംഘടനാ പ്രതിനിധികള്‍ പല ദിവസങ്ങളിലായി നവോത്ഥാന നഗരിയിലെത്തി സാന്നിധ്യംകൊണ്ടും സാമീപ്യംകൊണ്ടും സമ്മേളനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ജെറുസലേമിലെ ബൈത്തുല്‍ മുഖദ്ദസ് ഇമാമിന്റെ തത്സമയ പ്രഭാഷണത്തിന്റെ വെബ്കാസ്റ്റിങ് രാജ്യത്തിനകത്തും പുറത്തുനിന്നുമെത്തിയ പ്രതിനിധികള്‍ക്ക് പുതിയ അനുഭവമായി. അങ്ങേയറ്റം വ്യവസ്ഥാപിതമായി ക്രമീകരിച്ച സമ്മേളനം കുറ്റമറ്റ രീതിയില്‍ നിര്‍വഹിക്കുന്നതിന് നാലായിരത്തോളം വോളന്റിയര്‍മാര്‍ കര്‍മനിരതരായി. 
പ്രധാനവേദിയില്‍ നടന്ന സമാപന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. കെഎന്‍എം പ്രസിഡന്റ് ഡോ. ഇ.കെ അഹമ്മദ് കുട്ടി അധ്യക്ഷനായിരുന്നു. കേന്ദ്ര ഭക്ഷ്യകാര്യമന്ത്രി കെ.വി തോമസ്, ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല, സൗദി അറേബ്യയില്‍നിന്നുള്ള അശ്ശൈഖ് മന്‍സൂര്‍ അല്‍ ഗുസ്ന്‍, അശൈഖ് ഹമ്മാദ് അല്‍ ഉമര്‍, സി.പി ഉമര്‍ സുല്ലമി, ഇസ്മായില്‍ കരിയാട്, ജലീല്‍ മാമങ്കര, എന്‍.എം അബ്ദുല്‍ ജലീല്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, എം. സ്വലാഹുദ്ദീന്‍ മദനി, സി. മമ്മു കോട്ടക്കല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. 
Share this article :

0 comments:

Speak up your mind

Tell us what you're thinking... !



 
Copyright © 2013-
Template Design by Creating Website ~~@~~ Modified by MALAYALAM BLOG HELP