Headlines News :
Home » » ഇസ്‌ലാഹി കേരളം ഇന്ന് നവോത്ഥാന നഗരിയില്‍

ഇസ്‌ലാഹി കേരളം ഇന്ന് നവോത്ഥാന നഗരിയില്‍

Written By Unknown on Thursday 6 February 2014 | 12:14




രണ്ടാം നവോത്ഥാനത്തിന് സമര കാഹളം മുഴക്കാന്‍ ഇസ്‌ലാഹി കേരളം ഒരുങ്ങിക്കഴിഞ്ഞു. ഇനിയുളള നാല് ദിന രാത്രങ്ങള്‍ കോട്ടക്കലിനടുത്ത് എടരിക്കോട് പ്രത്യേകംസജ്ജമാക്കിയ നവോത്ഥാന നഗരിയില്‍ മുജാഹിദ് കേരളം ഒത്തുകൂടും.
കേരളീയ പൊതു സമൂഹത്തില്‍ നിന്നും പിഴുതെറിയപ്പെട്ട അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരിച്ചുകൊണ്ടുവരാനുളള ആസൂത്രിത നീക്കങ്ങള്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് സജ്ജീവമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വീണ്ടുമൊരു വിപ്ലവ മുന്നേറ്റത്തിന് സമയമായെന്ന പ്രഖ്യാപനമായിരിക്കും മുജാഹിദ് 8-ാം സംസ്ഥാന സമ്മേളനം പൊതു സമൂഹത്തിന് മുന്നില്‍ വെക്കുക. അതോടൊപ്പം മുസ്‌ലിം നവോത്ഥാനത്തിന്റെ കേരള മോഡല്‍ ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്നതിനെ കുറിച്ചുളള കൃത്യമായ നയ നിലപാടുകളും സമ്മേളനം ആവിഷ്‌ക്കരിക്കും.
കഴിഞ്ഞ ഏഴ് സംസ്ഥാന സമ്മേളനങ്ങളില്‍ നിന്ന് വ്യത്യസ്തമായി മുജാഹിദ് പ്രസ്ഥാനത്തിന്റെ സംഘടനാ മികവും ആദര്‍ശ വിശുദ്ധിയും തനിമയോടെ പ്രകടമാക്കുന്നതിനാണ് എടരിക്കോട്ടെ വിശാലമായ സമ്മേളന വേദി സാക്ഷ്യം വഹിക്കുക. മുസ്‌ലിം പൊതു സമൂഹത്തെ വിവേക പൂര്‍വ്വം മുന്നില്‍ നിന്ന് നയിക്കാന്‍ സര്‍വ്വ സജ്ജമാണ് മുജാഹിദ് പ്രസ്ഥാനമെന്ന് തെളിയിക്കുന്നതായിരിക്കും ഈ സമ്മേളനം.
പുളിക്കല്‍, ഫറോക്ക്, കുറ്റിപ്പുറം, പാലക്കാട്, പിലാത്തറ, കോഴിക്കോട്, പനമരം സമ്മേളനങ്ങള്‍ക്കുശേഷം എടരിക്കോടെത്തുമ്പോള്‍ മുജാഹിദ് പ്രസ്ഥാനം അതിന്റെ സംഘടനാ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ ഘട്ടത്തിലാണ് ഉളളത്. 2002-ല്‍ പ്രസ്ഥാനത്തിലൂണ്ടായ ദൗര്‍ഭാഗ്യകരമായ പിളര്‍പ്പ് ഇസ്‌ലാഹി ആദര്‍ശ കേരളത്തിന്റെ കെട്ടുറപ്പിന് ഒരു നിലക്കും ബാധിച്ചിട്ടില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതിനുകൂടി സമ്മേളനം വേദിയാകും.
മുസ്‌ലിം നവോത്ഥാനത്തിനും ഇസ്‌ലാഹി മുന്നേറ്റങ്ങള്‍ക്കും കരുത്ത് പകര്‍ന്ന മലപ്പുറത്തിന്റെ മണ്ണിലാണ് 8-ാം മത് മുജാഹിദ് സംസ്ഥാന സമ്മേളനം എന്നത് രണ്ടാം നവോത്ഥാനമെന്ന ചിന്തകള്‍ക്ക് കരുത്ത് പകരുന്നു. ഒരു നൂറ്റാണ്ട് നീണ്ട പരിഷ്‌ക്കരണങ്ങള്‍ കേരളീയ പൊതുസമൂഹത്തിലുണ്ടാക്കിയ വിപ്ലവകരമായ മുന്നേറ്റങ്ങള്‍ വലുതാണെങ്കിലും വിശ്വാസ രംഗത്തും സാംസ്‌കാരിക മേഖലയിലും തളിരിട്ടു വളര്‍ന്നു കൊണ്ടിരിക്കുന്ന ചൂഷാണാധിഷ്ഠിത അധാര്‍മിക പ്രവണതകള്‍ നവോത്ഥാന മനസുകള്‍ക്ക് വിശ്രമിക്കാന്‍ സമയമായില്ലെന്ന ഓര്‍മപ്പെടുത്തലാണ് മുന്നോട്ട് വെക്കുന്നത്. ഇതിന് ഊടും പാവും നല്കി പരിഷ്‌ക്കരണ വഴിയില്‍ ഇസ്‌ലാഹി പ്രസ്ഥാനത്തെ ഉറപ്പിച്ച് നിറുത്തുന്നതിനായിരിക്കും സമ്മേളനം പ്രചോദനമാകുക.
സമ്മേളനം ആരംഭിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ നവോത്ഥാന നഗരിയിലേക്ക് ആളുകള്‍ ഒഴുകി എത്തിയത് ഇസ്‌ലാഹി പ്രസ്ഥാനം മുന്നോട്ട് വെക്കുന്ന പുതിയ പ്രഭാതത്തെ കുറിച്ചുളള പ്രതീക്ഷകള്‍ നെഞ്ചേറ്റിയതില്‍ നിന്നായിരുന്നു.
മുജാഹിദ് പ്രവര്‍ത്തകര്‍ ഇത്രമേല്‍ മുന്നൊരുക്കത്തോടെ സമ്മേളന പൂര്‍വ്വ ദിവസങ്ങളെ സ്വീകരിച്ച കാലം മുമ്പുണ്ടായിട്ടില്ല.
സമ്മേളന നഗരിയില്‍ തയ്യാറാക്കിയ ദി മെസ്സേജ് മെഗാ എക്‌സ്‌പോ വീക്ഷിക്കാനെത്തിയവരുടെ നീണ്ട നിര പലപ്പോഴും നിയന്ത്രണാധീതമായിരുന്നു.
150
ഏക്കറിലധികം വരുന്ന പാടത്ത് ആറ് ലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ ഒരുക്കിയിട്ടുളള പ്രധാന പന്തല്‍ മുജാഹിദ് സമ്മേളനങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലുതാണ്.
നാല് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ 41 സെഷനുകളാണുളളത്. യുവാക്കള്‍, സ്ത്രീകള്‍, കുട്ടികള്‍, കൗമാരക്കാര്‍ എന്നിവര്‍ നേരിടുന്ന സാമൂഹ്യ പ്രശ്‌നങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും. രാജ്യത്തിന്റെ സര്‍വ്വോന്മുഖമായ സാമൂഹ്യമുന്നേറ്റത്തിന് സഹായകമായ കര്‍മ പരിപാടികള്‍ക്ക് രൂപം നല്‍കുന്നതിന് മുസ്‌ലിം സമൂഹത്തെ പര്യാപ്തമാക്കുന്ന തരത്തിലായിരിക്കും ഓരോ സെഷനുകളും. പഠന ക്യാംപുകള്‍ക്കും ഖുര്‍ആന്‍ ചര്‍ച്ചകള്‍ക്കും പുറമെ ഗ്ലോബല്‍ ഇസ്‌ലാഹി മീറ്റ്, സമുദായ സൗഹൃദ സംഗമം, ഇന്‍സ്റ്റിറ്റിയൂഷണല്‍ കോണ്‍ഫറന്‍സ്, അന്യസംസ്ഥാന തൊഴിലാളി സംഗമം എന്നിവ ശ്രദ്ധേയ സെഷനുകളാണ്. സാമ്രാജ്യത്വത്തിനും ഫാസിസത്തിനുമെതിരായ പ്രതിരോധത്തിന്റെ രാഷ്ട്രീയവും, ഇസ്‌ലാമിക സമ്പത്ത് വ്യവസ്ഥയുടെ പ്രാധാന്യവും, മുസ്‌ലിം മഹല്ലുകള്‍ നേരിടുന്ന പ്രശ്‌നങ്ങളും പ്രതിവിധികവും, ന്യൂന പക്ഷ രാഷ്ട്രീയത്തിന്റെ പ്രസക്തി എന്നിവ സമ്മേളനം ചര്‍ച്ച ചെയ്യും.
Share this article :

0 comments:

Speak up your mind

Tell us what you're thinking... !



 
Copyright © 2013-
Template Design by Creating Website ~~@~~ Modified by MALAYALAM BLOG HELP