Headlines News :
Home » , » തൊഴിലിടം തീരുമാനിക്കാന്‍ സ്ത്രീകള്‍ക്കു സ്വാതന്ത്ര്യമുണ്ട്: പ്രൊഫ. ഇര്‍ഫാനി റഹീം

തൊഴിലിടം തീരുമാനിക്കാന്‍ സ്ത്രീകള്‍ക്കു സ്വാതന്ത്ര്യമുണ്ട്: പ്രൊഫ. ഇര്‍ഫാനി റഹീം

Written By Unknown on Saturday 8 February 2014 | 19:41


Add caption

കോട്ടക്കല്‍: ഇസ്‌ലാമിലെ സ്ത്രീയുടെ ഇടം നിര്‍ണയിക്കുന്നതില്‍ മുസ്‌ലിം ലോകത്ത് നിലനില്‍ക്കുന്ന ആശയക്കുഴപ്പം അനാവശ്യമാണെന്ന് പ്രൊഫ. ഇര്‍ഫാനി റഹീം. സ്ത്രീകള്‍ അകത്തിരിക്കണോ പുറത്തിരിക്കണോ എന്ന ചര്‍ച്ച പോലും വിശുദ്ധ ഖുര്‍ആന്‍ മുന്നോട്ടു വയ്ക്കാത്ത സ്ഥിതിക്ക് അത്തരം ആലോചനകള്‍ അപ്രസക്തമാണെന്നും ഏതു തൊഴിലിടവും അവര്‍ക്കു സ്വീകരിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും കശ്മീര്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഒഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ പ്രൊഫസര്‍ കൂടിയായ ഇര്‍ഫാന റഹീം പറഞ്ഞു. എടരിക്കോട് നവോത്ഥാന നഗറില്‍ എട്ടാം മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ വനിതാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. 

സ്ത്രീയെ സമൂഹം വലിയ ബാധ്യതയായി കണ്ടുകൊണ്ടിരുന്ന കാലത്തായിരുന്നു മുഹമ്മദ് നബിയുടെ പരിഷ്‌കരണ ദൗത്യം. സ്ത്രീ പുരുഷനുവേണ്ടി ജീവിക്കേണ്ടവളും അകത്തളങ്ങളില്‍ ഒതുങ്ങേണ്ടവളും ദാസിമാരുമായിരുന്ന അവസ്ഥയില്‍നിന്ന് പടിപടിയായി തുല്യാവകാശത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുകയാണ് ഇസ്‌ലാം ചെയ്തത്. അങ്ങനെ ലോകത്ത് ആദ്യമായി സ്ത്രീക്ക് അനന്തരാവകാശം ഇസ്‌ലാം നല്‍കി. കണ്ടുശീലിച്ച വിവാഹ ധനവിനിമയ ശീലങ്ങളില്‍നിന്നു വ്യത്യസ്തമായി സ്ത്രീക്ക് വിവാഹമൂല്യം സ്വീകരിക്കാന്‍ അവസരം നല്‍കി. സ്ത്രീയുടെ സുരക്ഷ പുരുഷന്റെ ചുമതലയായി പ്രഖ്യാപിച്ചു. വിവാഹം സാധുവാകണമെങ്കില്‍ പെണ്‍കുട്ടിയുടെ സമ്മതംകൂടി വേണമെന്ന നിബന്ധനവയ്ക്കുക വഴി നിശബ്ദസഹനത്തില്‍നിന്ന് മോചനം നല്‍കി. നിങ്ങളില്‍ ഉത്തമന്‍ ഭാര്യമാരോട് ഏറ്റവും നന്നായി പെരുമാറുന്നവനാണെന്നു പഠിപ്പിച്ച മുഹമ്മദ് സ്ത്രീയെ ആദരിക്കാന്‍ പുരുഷനെ ശീലിപ്പിച്ചു. ഒരു മനുഷ്യന്‍ ഏറ്റവും കടപ്പെട്ടിരിക്കുന്നത് മാതാവിനോടാണെന്നു മുന്നു തവണ ആവര്‍ത്തിച്ച മുഹമ്മദ് നബി സ്ത്രീകളുടെ പദവി മുന്‍പൊന്നുമില്ലാത്തവിധം ഉയര്‍ത്തി ഇസ്‌ലാമിക് ഫെമിനിസം യാഥാര്‍ഥ്യമാക്കി. എന്നാല്‍, സ്ത്രീ വിമോചനത്തിന്റെ പേരില്‍ അവര്‍ക്ക് അനിയന്ത്രിത സ്വാതന്ത്ര്യം നല്‍കുകവഴി സ്ത്രീകളെ പുരുഷന്റെ കളിപ്പാവകളാക്കി മാറ്റുകയും കുടുംബ സംവിധാനം പാടെ തകര്‍ക്കുകയുമായിരുന്നു പാശ്ചാത്യ ഫെമിനിസം ചെയ്തതെന്നും ഇര്‍ഫാന റഹീം പറഞ്ഞു. 
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആയിരക്കണക്കിന് സ്ത്രീകള്‍ ഒഴുകിയെത്തിയ സമ്മേളനത്തില്‍ എംജിഎം സംസ്ഥാന പ്രസിഡന്റ് ഖദീജ നര്‍ഗീസ് അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് സിഐഇആര്‍ അവാര്‍ഡ് വിതരണം ചെയ്തു.അവാര്‍ഡ് ഡോ. മെരി മെറ്റില്‍ഡ, ഷമീമ ഇസ്‌ലാഹിയ്യ, പി.വി സുലൈഖാബി, മമ്മുട്ടി മുസല്യാര്‍,ഐനു നുഹ,കെ. സഫിയ ടീച്ചര്‍, പാത്തേയ് കുട്ടി ടീച്ചര്‍,കെ.പി ഇഫ്‌റത്ത് റഹ്മാന്‍, സനിയ  അന്‍വാരിയ്യ, റാഫിദ ഖാലിദ് തുടങ്ങിയവര്‍ സംസാരിച്ചു. 

Share this article :

0 comments:

Speak up your mind

Tell us what you're thinking... !



 
Copyright © 2013-
Template Design by Creating Website ~~@~~ Modified by MALAYALAM BLOG HELP